ഒരുപാട് നാളുകൾക്കിപ്പുറം ഒരു ചോദ്യം "കാണണ്ടേ നമുക്ക് " സംശയിക്കാൻ ഒന്നുംതന്നെ എനിക്കുണ്ടായിരുന്നില്ല വരാം എന്ന് പറയുക എന്നല്ലാതെ.മനസ്സിൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉരുണ്ടുകൂടിത്തുടങ്ങി .ചെറുചിരിയോടെ ഞാൻ ഓർത്തു അത് പുതുമയല്ലല്ലോ.
ഇന്നാണ് ആ ദിവസം പക്ഷെ എനിക്കെന്തോ മാറ്റമുണ്ട് പതിവിലും വിപരീതമായി ഞാൻ അല്പം ശാന്തമാണ്.അങ്ങനെ വരാറില്ലല്ലോ എന്നായി അടുത്ത ചിന്ത.നേരത്തെ ഒരുങ്ങി ഇറങ്ങി.മറ്റുള്ളവരുടെ സമയത്തിന് വിലകൊടുക്കാൻ പട്ടാളം (അച്ഛൻ)പഠിപ്പിച്ചതുകൊണ്ട് ആവാം എല്ലായിടത്തും തെല്ലു മുന്നേ ഞാൻ എത്തും.പിന്നീടുള്ള കാത്തിരിപ്പിനു വിരാമമെന്നവണ്ണം അവൾ വിളിച്ചു "എടാ എവിടാ നീ "വണ്ടി നിർത്തി ഞാൻ ചെന്നു.എന്നാൽ എന്റെ കൈകൾ വിറച്ചിരുന്നില്ല വാക്കുകൾക്ക് മുറിപ്പെട്ടിരുന്നില്ല ഹൃദയമിടിപ്പും പതിവിലും ശാന്തം.
ഇതാണ് അത്ഭുതം…
ഇനി ഇത് സ്നേഹത്തിന്റെ ശാന്തമാകലോ മറ്റോ ?
ഒരുപക്ഷെ സുഖകരമായ പരിചയത്തിലേക്കുള്ള വഴിയാകാം.
അല്ലെങ്കിൽ മനസ്സിൽ നിലനിന്നിരുന്ന പ്രണയം
ശാന്തമായി പൊടിപടലങ്ങളാകുന്നതിന്റെ അടയാളമാകാം?
സ്നേഹം കുറഞ്ഞെന്നു പറയാൻ ഞാൻ തയ്യാറല്ല.
കാലമെന്നത് ആഗ്രഹങ്ങളെയും ഓർമകളെയും വളർത്തുകയും ചിലപ്പോൾ മാഞ്ഞുകളയിക്കുകയും ചെയ്യുന്ന ഒന്നാണ്.
നിനക്കുതരാൻ എന്നിലിനിയും സമയവും പുഞ്ചിരിയും സ്നേഹവും കരുതലും ആവോളമുണ്ട് പക്ഷെ ചോദ്യമിതാണ്
"ഇത് അതേ സ്നേഹമാണോ, അതോ അലയുന്ന അതിന്റെ ഓർമ്മയോ?"
2 comments:
🥺🥺🥺
♥️
Post a Comment